ലോകത്തിലെ അതിപുരാതന സംസ്കാരങ്ങളിലൊന്നാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേത്. മധ്യപ്രദേശിലെ ഭീംബേഡ്കയിൽ കണ്ടെത്തിയ ശിലായുഗ ഗുഹകളാണ് ഇന്ത്യയുടെ ചരിത്രാതീത കാലം അവശേഷിപ്പിച്ച ഏറ്റവും പുരാതനമായ രേഖ. [19]9000 വർഷങ്ങൾക്കു മുൻപ് ഇന്ത്യയിലേക്ക് ആദ്യത്തെകുടിയേറ്റമുണ്ടായി എന്നാണ് കരുതപ്പെടുന്നത്. ഇത് പിന്നീട് സിന്ധു നദീതട സംസ്കാരമായി. ബി.സി. 2600നും 1900നും ഇടയിലായിരുന്നു സിന്ധു നദീതട സംസ്കാരത്തിന്റെ പ്രതാപകാലം. ഹരപ്പ, മോഹൻജൊ-ദാരോ എന്നിവിടങ്ങളിൽ നിന്ന് മഹത്തായ ആ സംസ്കാരത്തെക്കുറിച്ചുള്ള തെളിവുകൾ കിട്ടിയിട്ടുണ്ട്.
ബി.സി. 550 മുതൽ ഉപഭൂഖണ്ഡത്തിലാകെ ഒട്ടേറെ രാജ്യങ്ങൾ രൂപംകൊണ്ടു. മഹാജനപദങ്ങൾ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. മഗധയും മൗര്യ രാജവംശവുമായിരുന്നു ഇവയിൽ പ്രബലം. മഹാനായ അശോകൻ മൗര്യരാജവംശീയനായിരുന്നു. ഇന്ത്യയുടെ സാംസ്കാരത്തിന് മൗര്യന്മാർ നൽകിയ സംഭാവനകൾ വലുതാണ്.
ബി. സി. 180 മുതൽ മധ്യേഷ്യയിൽ നിന്നുള്ള അധിനിവേശമായിരുന്നു. ഇന്തോ-ഗ്രീക്ക്, ഇന്തോ-പർത്തിയൻ സാമ്രാജ്യങ്ങൾ ഈ കാലഘട്ടത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നു. ക്രിസ്തുവിനുശേഷം മൂന്നാം നൂറ്റാണ്ടിൽ ശക്തി പ്രാപിച്ച ഗുപ്ത സാമ്രാജ്യത്തിന്റെ ഭരണം പ്രാചീന ഇന്ത്യയുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നു. അക്കാലത്ത് ഭാരതം എന്നാൽ ആര്യൻ (ഇറാൻ) മുതൽ സിംഹപുരം(സിംഗപ്പൂർ) വരെ ആയിരുന്നു എന്ന് ഐതിഹ്യമുണ്ട്.
തെക്കേ ഇന്ത്യയിലാകട്ടെ വിവിധ കാലഘട്ടങ്ങളിലായി ചേര, ചോള, കഡംബ, പല്ലവ, പാണ്ഡ്യ തുടങ്ങിയ സാമ്രാജ്യങ്ങൾ നിലനിന്നിരുന്നു. ശാസ്ത്രം, കല, സാഹിത്യം, ഗണിതം, ജ്യോതിശാസ്ത്രം, തത്ത്വശാസ്ത്രം ഇന്നീ മേഖലകളിൽ ഈ കാലഘട്ടത്തിൽ വൻ പുരോഗതിയുണ്ടായി. പത്താം നൂറ്റാണ്ടോടെ ഉപഭൂഖണ്ഡത്തിന്റെ വടക്ക്, മധ്യദേശങ്ങൾ ഇസ്ലാമിക അധിനിവേശത്തിന്റെ ഭാഗമായുദിച്ച ഡൽഹി സുൽത്താന്റെ കീഴിലായി. മുഗൾ സാമ്രാജ്യമാണ് പിന്നീടു ശക്തിപ്രാപിച്ചത്. ദക്ഷിണേന്ത്യയിൽ വിജയനഗര സാമ്രാജ്യമായിരുന്നു ഈ കാലഘട്ടത്തിൽ പ്രബലം.
പതിനാറാം നൂറ്റാണ്ടുമുതൽ പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് അധിനിവേശമുണ്ടായി. ഇന്ത്യയുമായി വാണിജ്യ ബന്ധമായിരുന്നു യൂറോപ്യന്മാരുടെ ലക്ഷ്യമെങ്കിലും പരസ്പരം പോരടിച്ചു നിന്നിരുന്ന സാമ്രാജ്യങ്ങളെ മുതലെടുത്ത് അവർ ഇന്ത്യയൊട്ടാകെ കോളനികൾ സ്ഥാപിച്ചു. 1857-ൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കു നേരെയുണ്ടായ കലാപമാണ് യൂറോപ്യൻ അധിനിവേശത്തിനു നേരെ ഇന്ത്യക്കാർ നടത്തിയ പ്രധാന ചെറുത്തുനിൽപ്പ് ശ്രമം. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന ഈ കലാപം പക്ഷേ ബ്രിട്ടീഷ് സൈന്യം അടിച്ചൊതുക്കി. ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിലുമായി.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ അഹിംസയിൽ അധിഷ്ടിതമായ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം ശക്തിപ്രാപിച്ചു. വർഷങ്ങൾ നീണ്ട സഹന സമരങ്ങൾക്കൊടുവിൽ 1947 ഓഗസ്റ്റ് 15ന് ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് സ്വതന്ത്രമായി. എന്നാൽ ഇന്ത്യയുടെ ഒരു ഭാഗം പാകിസ്താൻ എന്ന പേരിൽ വിഭജിച്ച് മറ്റൊരു രാജ്യമാകുന്നത് കണ്ടാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം തുടങ്ങുന്നത്.